കോല്‍ക്കത്ത/മഡ്ഗാവ്: പ്രണയദിനമായ ഫെബ്രുവരി 14ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 2025-26 സീസണിനു കിക്കോഫ്. ഇന്ത്യയിലെ ഒന്നാം ഡിവിഷന് ക്ലബ് ഫുട്ബോള്‍, തങ്ങളുടെ ആരാധകരോടുള്ള പ്രണയം മുറിഞ്ഞശേഷമുള്ള മടങ്ങിവരവാണിത്. ഇന്ത്യയില്‍ ക്ലബ് ഫുട്ബോള്‍ പ്രണയം കഴിഞ്ഞ സീസണിലേക്കാളും ഊഷ്മളമാകട്ടേയെന്ന ആശംസമാത്രം...
മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഐഎസ്എല്‍ തിരിച്ചെത്തുന്നത്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കാത്തതിനെത്തുടര്‍ന്നാണ് സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഐഎസ്എല്‍ 2025-26 സീസണ് മുടങ്ങിയത്. സുപ്രീംകോടതിയും സര്‍ക്കാരും ഇടപെട്ടശേഷം എഐഎഫ്എഫ് ഏറ്റെടുത്താണ് സീസണ് ആരംഭിക്കുന്നത്. മത്സരങ്ങള്‍ ഫാന്‍കോഡ് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും തത്സമയം കാണാം.
ബ്ലാസ്റ്റേഴ്സ് x ബഗാന്
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്നു വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കിക്കോഫ്. കന്നികിരീടം എന്ന സ്വപ്നം സഫലമാകാത്ത ദുഃഖവുമായാണ് 12-ാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്സി ഗോവ പുതുമുഖങ്ങളായ ഇന്റര്‍ കാശിയുമായി ഏറ്റുമുട്ടും. രാത്രി 7.30ന് മഡ്ഗാവിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് പോരാട്ടം.
ബ്ലാസ്റ്റേഴ്സിന് 5 വിദേശികള്‍
അഡ്രിയാന്‍ ലൂണ, നോഹ് സദൗയി തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബുകള്‍ക്കു കൈമാറിയ കേരള ബ്ലാസ്റ്റേഴ്സ്, 2025-26 സീസണിലേക്ക് അഞ്ച് കളിക്കാരെ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഡിഫെന്‍സില്‍ ഗ്വിനിയക്കാരന് ഉമര്‍ ബാഹ്, മധ്യനിരയില്‍ ജര്‍മനിയില്‍നിന്നുള്ള മര്‍ലോണ്‍ റൂസ് ട്രൂജിലൊ, സ്പാനിഷുകാരന് ലൂയിസ് മത്യാസ് ഹെര്‍ണാണ്ടസ്, മുന്നേറ്റത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള കെവിന് യോക്ക്, സ്പെയിനില്‍നിന്നുള്ള വിക്ടര്‍ ബെര്ട്ടോമി എന്നിവരാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇറങ്ങുന്ന വിദേശ താരങ്ങള്‍.
ഐഎസ്എല്‍ അനിശ്ചിതത്വത്തിലായതോടെയാണ് ഉറുഗ്വെന്‍ പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയെയും മൊറോക്കന്‍ വിംഗര്‍ നോഹ് സദൗയിയെയും കേരള ബ്ലാസ്റ്റേഴ്സ് ലോണ്‍ വ്യവസ്ഥയില്‍ വിട്ടുനല്‍കിയത്.
കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിനെ ഇടക്കാലത്തു പരിശീലിപ്പിച്ച മലയാളിയായ ടി.ജി. പുരുഷോത്തമന് ഇത്തവണ ഒഡീഷ എഫ്സിക്ക് ഒപ്പമാണ്. സ്പെയിനില്‍നിന്നുള്ള ഡേവിഡ് കറ്റാലയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജര്‍.
അതിജീവനം
ഐഎസ്എല്‍ 2025-26 സീസണ് ആരംഭിക്കുന്നു എന്നത് ഇന്ത്യന്‍ ഒന്നാം ഡിവിഷന് ക്ലബ് ഫുട്ബോളിന്റെ അതിജീവിനത്തിന്റെ സൂചനയാണ്. ഈ സീസണ് അനിശ്ചിതത്വത്തിലായതോടെ ക്ലബ്ബുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. അതോടെ കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സാമ്പത്തിക ഞെരുക്കത്തിലായി.
ഇന്ത്യയിലെ ഏറ്റവും ഗ്ലാമര്‍ ഫുട്ബോളറായ സുനില്‍ ഛേത്രിയടക്കമുള്ളവര്ക്ക് ബംഗളൂരു എഫ്സി സാലറി നല്‍കാതിരിക്കുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. എല്ലാ പ്രതിസന്ധിയും കടന്ന് ഇന്ത്യയില്‍ ഒന്നാം ഡിവിഷന് ക്ലബ് ഫുട്ബോളിന് പന്തുരുളും, അതിജീവനത്തിന്റെ ഐഎസ്എല്‍ ലൗ സ്റ്റോറിക്ക് ഇന്നു കിക്കോഫ്...
പേരുമാറ്റം
ഐഎസ്എല്‍ 2025-26 സീസണില്‍ പഴയ ഒരു ക്ലബ് പുതിയ പേരിലെത്തുന്നുണ്ട്. കഴിഞ്ഞ സീസണുകളില്‍ ഹൈദരാബാദ് എഫ്സി എന്നറിയപ്പെട്ടിരുന്ന ക്ലബ്, ഇത്തവണ മുതല്‍ എസ്സി ഡല്‍ഹി എന്നായി മാറി. ക്ലബ്ബിന്റെ ആസ്ഥാനം ഡല്‍ഹിയാണ്.